ഒരു മഴക്കാലമരണം
കഴിഞ്ഞകൊല്ലത്തെ പെയ്ത്തിന്റെ മന:ക്ലേശം കൊണ്ടെന്നപോലെ മഴക്കാലം ഇത്തവണ മടിപിടിച്ചാണ് പെയ്തുകൊണ്ടിരിക്കുന്നത്. എങ്കിലും ജൂണ്‍ 23 ഞായറാഴ്ച വൈകുന്നേരം കുറച്ചധികം നേരം മഴ പെയ്തുകൊണ്ടിരുന്നു. ചായ കുടിക്കാനിറങ്ങിയ ഞാനും അനുവും ഊര്‍ക്കടവ് പാലത്തിന്റെ ഒരറ്റത്തുള്ള അബ്ദ്വാക്കന്റെ ചായക്കടയുടെ മുന്‍പില്‍ കുടയും ചൂടിനിന്നു. കറുപ്പും വെളുപ്പും ഇടയില്‍ ചാരനിറവും ചെറുകള്ളികളായി ചേര്‍ന്നുനില്‍ക്കുന്ന കുടത്തുണിയില്‍ മഴത്തുള്ളികള്‍ കരഞ്ഞുവീങ്ങി വീണുകൊണ്ടേയിരുന്നു. ഒരു മഹാപ്രളയം നേരിട്ടുകണ്ട പകപ്പ് ഇപ്പോഴും വിട്ടിട്ടില്ലാത്ത മനുഷ്യര്‍ മഴയെ മാനിച്ച് ഓലയും ടാര്‍പോളിനും ഫ്ലക്സും മേഞ്ഞ ചായക്കടകള്‍ക്കുള്ളിലേക്ക് വലിഞ്ഞു. ഞങ്ങള്‍ പുറത്തുതന്നെ നിന്നു. തണുത്തുനനഞ്ഞ അകങ്ങളില്‍ നിറയെ മനുഷ്യരാണ്. അവിടെയിനി ഞങ്ങള്‍ക്കു കൂടി ഇടമില്ല. കുടയ്ക്ക് മുകളിലെ മഴപ്പെരുക്കം ഞങ്ങളുടെ മിണ്ടലുകള്‍ക്കുമേലെ അടയിരുന്നു.
എന്നുതുടങ്ങിയെന്നും എന്നവസാനിക്കുമെന്നും അറിയാതെ പാലത്തിനടിയിലൂടെ ചാലിയാര്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഈ പുഴയുടെ ജനിമൃതികള്‍ പോലെ, അല്ലാഹുവിന്റെ ഖജനാവിലെ സമയം* പോലെ അനന്തമാണ് തങ്ങളുടെ ജീവിതവും എന്ന് അവിടെ കൂട്ടുകൂടി സൊറപറഞ്ഞിരിക്കുന്ന മനുഷ്യര്‍ വിശ്വസിക്കുന്നതുപോലെ എനിക്കുതോന്നി.
മഴ പതുക്കെ ആറിത്തുടങ്ങിയിരിക്കുന്നു. റോഡിനിരുവശത്തുമുള്ള ചായക്കടകളില്‍ നിന്ന് ആളുകള്‍ പതുക്കെ ഇറങ്ങിത്തുടങ്ങി. ഒച്ചകള്‍ പൊന്തി. മനുഷ്യരുടെ…വണ്ടികളുടെ…പാലത്തിനുതാഴെ തൂണുകള്‍ക്കിടയിലൂടെ ഞെരുങ്ങുന്ന പുഴയുടെ… ഒച്ചകള്‍!
കഴിച്ച ചായയുടേയും കടികളുടേയും പൈസ കൊടുത്ത് അവിടെ നിന്നും മാറാനൊരുങ്ങുമ്പോഴാണ് പീടികയ്ക്കുള്ളിലെ ആളുകള്‍ക്കിടയില്‍ നിന്ന് ആദില്‍ പുറത്തേക്കുവന്നത്. എന്റെ രണ്ടാമത്തെ അമ്മാവനായ ചെറിയാക്കയുടെ രണ്ടാമത്തെ മകനാണ് അവന്‍. പോണ്ടിച്ചേരിയിലെ കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എംകോം ബിരുദം നേടി തിരിച്ചെത്തിയിട്ട് അധികനാളായിട്ടില്ല. യാത്രകളോടും വായനയോടുമുള്ള ഇഷ്ടത്തിന്റെ കാര്യത്തിലും കാഴ്ചയിലും ചെറിയാക്കയുടെ തനിപ്പകര്‍പ്പാണവന്‍.
യാദൃശ്ചികമായി കണ്ടതിന്റെ സന്തോഷം ഞങ്ങള്‍ മൂന്നുപേരുടേയും മുഖങ്ങളില്‍ തെളിഞ്ഞു.
“ങ്ങളെന്താ ഇവിടെ? എങ്ങോട്ടെങ്കിലും പോവാണോ? അതോ എവിടുന്നെങ്കിലും വരാണോ?”
“അല്ലെടാ…ഇങ്ങോട്ടേക്കായിട്ട് തന്നെ വന്നതാ. നീ ഒറ്റക്കാണോ?”
“അല്ല. ചെങ്ങായ്മാര്ണ്ട്.”
സംഭാഷണം അധികനേരം നീണ്ടുനിന്നില്ല. എന്റെ ഫോണിലേക്ക് ഒരു വിളിവന്നു. എന്റെ ഓര്‍മയുടെ അവസാനത്തെ അറയും അടയുന്നതുവരെ എന്നില്‍ അവശേഷിക്കാന്‍ തക്കശേഷിയുള്ള ഒരു ഫോണ്‍സംഭാഷണമായിരുന്നു അത്. എന്റെ ക്കാക്ക ജൗഹറിന്റെ ഭാര്യ അമീനയായിരുന്നു വിളിച്ചത്. ശബ്ദത്തില്‍ പരിഭ്രാന്തി നിഴലിച്ചിരുന്നു.
“ഹലോ?”
“ങ്ങളെവിടെയാ?”
“ഞാന്‍ ഊര്‍ക്കടവിലാണ്. എന്തുപറ്റി?”
“ജൗക്കാക്ക ങ്ങളോട് പെട്ടെന്ന് ങ്ങട്ട് വരാന്‍ പറഞ്ഞ്ണ്ട്. ചെറിയാക്ക ഒന്നും മിണ്ടുന്നില്ലാന്ന് സക്കീനമ്മായി പറഞ്ഞു.”
“ഞാനിപ്പോ വരാം.”
ചെറിയാക്ക ഒന്നും മിണ്ടുന്നില്ല!
വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാ മനുഷ്യരോടും സംസാരിച്ചിരുന്ന, സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആ മനുഷ്യന്‍ ഒന്നും മിണ്ടുന്നില്ല എന്ന്! കടലോളം അര്‍ഥങ്ങളുണ്ട് ആ ഒരൊറ്റ വാചകത്തിന്. ഇന്നൊരു ദിവസത്തേക്കെങ്കിലും ആ അര്‍ഥങ്ങളെല്ലാം വറ്റിപ്പോകണേ!
ഏല്‍പിച്ച പണി പൂര്‍ത്തിയാക്കിയവനെ പോലെ ഫോണ്‍ നിശബ്ദനായി, പാന്റിന്റെ പോക്കറ്റിലേക്ക് മടങ്ങി. അരികില്‍ അനുവും മുന്നില്‍ ആദിലും എന്താണെന്ന ഭാവത്തില്‍ എന്നെ നോക്കി. ആദിലേ, നിന്നോട് ഞാന്‍ എന്താണ് പറയേണ്ടത്? മഴക്ക് ശേഷം ഉയര്‍ന്നുപൊങ്ങിയ ഒച്ചകള്‍ എന്റെ ചെവികളുടെ ഓരത്തുവന്ന് മടങ്ങിപ്പോയി. ചുറ്റുമുള്ള മനുഷ്യര്‍ പെട്ടെന്ന് ഊമകളായി. കടന്നുപോകുന്ന വാഹനങ്ങള്‍ വെറും കളിപ്പാട്ടങ്ങളായി.
ആദില്‍, നിന്നോട് ഞാന്‍ എന്താണ് പറയേണ്ടത്?
അവന്റെ ഉപ്പ ഒന്നും മിണ്ടുന്നില്ല എന്ന കാര്യം ഞാന്‍ അവനോട് മിണ്ടിയില്ല.
“ചെറിയാക്കക്കെന്തോ.. തീരെ വയ്യെന്ന് പറഞ്ഞു. വാ.. പോയി നോക്കാം”
അപ്പറഞ്ഞതിന്റെ സാധ്യതയെപ്പോലും തള്ളിക്കളയുന്ന ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു:
“ഞാനിപ്പോ അസ്റിന്റെ നേരത്ത് അവിടെ കണ്ടതാണല്ലോ!”
തിരിച്ചൊന്നും പറയാതെ അനുവിനേയും കൂട്ടി ഞാന്‍ നടന്നു. കുറച്ചപ്പുറത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാറിനടുത്തേക്ക് ഓരോ കാലടി വെച്ചപ്പോഴും അത് അകന്നകന്ന് പോവുന്നതുപോലെ തോന്നി. ഹൃദയം കനംതൂങ്ങി ഞെട്ടറ്റു വീഴുമെന്നായി.
ഊര്‍ക്കടവില്‍ നിന്ന് വാഴക്കാട് താഴങ്ങാടിയിലേക്ക് അധികദൂരമില്ല. എന്നാല്‍ പെട്ടെന്ന് അങ്ങോട്ടേക്കെത്താനുള്ള എന്റെ ശ്രമത്തെ റോഡിലുള്ള വാഹനങ്ങള്‍ പരസ്പരം മത്സരിച്ചു തോല്‍പിക്കുന്നതുപോലെ എനിക്കുതോന്നി. താഴങ്ങാടിയില്‍ നിന്ന് ഇടത്തോട്ടേക്ക് ഒരു ഇടവഴിയുണ്ട്. പുഴക്കടവിലേക്കുള്ള വഴിയാണത്. അവിടേക്ക് ഞാന്‍ കാര്‍ തിരിച്ചു.കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി ഇതിലൂടെ ഞാന്‍ കടന്നുപോകുന്നു. ഈ വഴിയില്‍ നിന്നാണ് ഞാന്‍ തുടങ്ങുന്നത്. ഈ വഴിയുടെ പകുതിദൂരത്തുള്ള പറമ്പിലെ പഴയ വീട്ടിലാണ് എന്റെ ഉമ്മ എന്നെ പെറ്റിട്ടത്. ഈ മണ്ണിലൂടെ നടന്നത്ര ഞാന്‍ ഒരിടത്തും നടന്നിട്ടില്ല; ഒരു വഴിയിലൂടേയും ഇത്രയധികം കടന്നുപോയിട്ടില്ല. മുസ്ലിയാരകത്ത് പറമ്പില്‍ എന്ന ഈ തൊടിയിലെ മനുഷ്യരേക്കാള്‍ വേറെയധികം പേരൊന്നും എന്റെ ജീവിതത്തേയും കാഴ്ചപ്പാടുകളേയും സ്വാധീനിച്ചിട്ടില്ല. ആ മനുഷ്യരില്‍ ഒരാളെക്കാണാനാണ് ഈ മണ്ണിലൂടെ വീണ്ടും കടന്നുപോകുന്നത്. ആ മനുഷ്യന്‍ വീണ്ടും മിണ്ടുന്നത് കാണാന്‍, കേള്‍ക്കാന്‍! അറിയുന്ന കാര്യങ്ങളെപ്പറ്റി കൃത്യതയോടെയും ആധികാരികമായും സംസാരിക്കുന്ന, അറിയാത്ത കാര്യങ്ങളെ പറ്റി ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ചോദിച്ചുമനസിലാക്കുന്ന, വിയോജിപ്പുകള്‍ തുറന്നുപറയുന്ന, വിമര്‍ശിക്കുന്ന, ഉപദേശിക്കുന്ന, ആശയങ്ങള്‍ പങ്കുവെയ്ക്കുന്ന എന്റെ അമ്മാവനെ കാണാന്‍! ഞങ്ങളുടെ ചെറിയാക്കയെ കാണാന്‍!
ഇടവഴിയുടെ പകുതിയെത്തുമ്പോള്‍ വലത്തോട്ടേക്ക് കയറിപ്പോകുന്ന കോണ്‍ക്രീറ്റ് പാതയുടെ മുകളറ്റം വീണ്ടും വലത്തോട്ടേക്ക് തിരിയുന്നിടത്താണ് ചെറിയാക്കയുടെ വീട്. ആ കയറ്റത്തിന്റെ പകുതിയെത്തിയപ്പോള്‍ നേരത്തേ എന്നെ ഫോണില്‍ വിളിച്ച അമീനയെ കണ്ടു. അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനുമുന്‍പേ അവര്‍ ഞങ്ങളോട് പറഞ്ഞു:
“ചെറിയാക്കനെ ഹോസ്പിറ്റല്‍ലേക്ക് കൊണ്ടോയി”
കൊണ്ടുപോയി!
കഴിഞ്ഞ ആറരപതിറ്റാണ്ടുകളായി താന്‍ നടന്നുതീര്‍ത്ത ഈ വഴിയിലൂടെ അദ്ദേഹത്തെ കൊണ്ടുപോയി! ചില സമയങ്ങളില്‍ ചില വാക്കുകളുടെ തൂക്കം വിവേകത്തിന്റെ ത്രാസ് പൊട്ടിക്കും.
കാര്‍ കയറ്റമിറങ്ങി, ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് പോയിനിന്നു. താഴങ്ങാടിയില്‍ തന്നെയാണ് ഇഖ്റാ കമ്യൂണിറ്റി ഹോസ്പിറ്റല്‍. ചാറുന്നമഴയിലൂടെ ഞാനും അനുവും കാഷ്വാലിറ്റിയിലേക്ക് നടന്നു. അവിടേക്കുള്ള പാസ്സേജില്‍ എന്റെ മൂന്നാമത്തെ അമ്മാവന്‍ കുഞ്ഞാക്കയെ കണ്ടു. ജൗഹറിനെ കണ്ടു. അയല്‍പക്കത്തുള്ള ചില പരിചിതമുഖങ്ങളെ കണ്ടു. വിവേകത്തിന്റെ ത്രാസ് പൊട്ടിപ്പോകാതിരിക്കാന്‍ അവരെല്ലാവരും പെടാപ്പാടുപെടുന്നത് ഞാന്‍ കണ്ടു. പാസ്സേജിന്റെ അറ്റത്ത് ഞാന്‍ ആദിലിനെക്കണ്ടു. മുറിയിലേക്ക് കയറാതെ, അകത്തുള്ള ഒരു ബെഡിലേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് നില്‍ക്കുകയാണവന്‍. പകരം വെക്കാനില്ലാത്ത എന്തോ ഒന്ന് കയ്യില്‍നിന്ന് ഊര്‍ന്നുവീണുടഞ്ഞത് നിസ്സഹായതയോടെ കണ്ടുനില്‍ക്കേണ്ടി വന്നവനെപ്പോലെ അവന്‍ അകത്തേക്ക് തന്നെ നോക്കി നിന്നു!
ഞാന്‍ അകത്തേക്ക് കയറി. കര്‍ട്ടനുകള്‍കൊണ്ട് വേര്‍തിരിച്ച ബെഡ്ഡുകളില്‍ ഒന്നിനു ചുറ്റുും ഒരു ഡോക്ടറും നഴ്സുമാരും കുറച്ചാളുകളും കൂടിനില്‍ക്കുന്നു. അകറ്റിയിട്ട കര്‍ട്ടന്‍തുണികളുടേയും കൂടിനിന്ന ആളുകള്‍ക്കിടയിലൂടെയും ആ മുഖം ഞാന്‍ കണ്ടു. കണ്ണടച്ച്, വെപ്രാളങ്ങളേതുമില്ലാതെ, ശാന്തനായി കിടക്കുന്നു. മരിച്ചിരിക്കുന്നു.
ഡോക്ടറും നഴ്സുമാരും അവിടെനിന്നും മാറി. ഞാന്‍ ബെഡ്ഡിന്റെ അടുത്തേക്ക് ചെന്നു. ആ കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു. പത്രങ്ങളും ആനുകാലികങ്ങളും കഥകളും നോവലുകളുമെല്ലാം താല്‍പര്യത്തോടെ വായിച്ചിരുന്ന ആ മനുഷ്യന്‍ ഒരിക്കല്‍ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു:
“ഓരോ ആളുകളും എത്ര നന്നായിട്ടാണ് എഴുതുന്നത്! എന്നെക്കൊണ്ടൊന്നും ഒരിക്കലും ഇതിന് പറ്റുമെന്ന് തോന്നുന്നില്ല.”
ആ കൈകള്‍ കൊണ്ട് സാഹിത്യം രചിക്കാന്‍ ങ്ങള്‍ ആഗ്രഹിച്ചിരുന്നോ?
എന്നാല്‍ പ്രിയപ്പെട്ട ചെറിയാക്കാ, ങ്ങളുടെ മരണശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ങ്ങളുടെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന, എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ ആ മനുഷ്യര്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു, സ്നേഹത്തേക്കാള്‍ മഹത്തായ സാഹിത്യം വേറെയില്ലെന്ന്. അതിന്റെ പ്രകടനത്തേക്കാള്‍ മികച്ച ഒരു സാഹിത്യസൃഷ്‍ടിയില്ലെന്നും!
ഞാന്‍ ആ മനുഷ്യന്റെ കാലുകള്‍ക്കടുത്തേക്ക് നിന്നു. കടപുഴകിയ ഒരു ഫലവൃക്ഷത്തിന്റെ വേരുകള്‍ പോലെ ആ വിരലുകള്‍ കുത്തനെ നിന്നു. ഞാന്‍ ആ വിരലുകളില്‍ തൊട്ടു. അറുപ്പത്തേഴ് വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ ഉമ്മയുടെ വയറ്റില്‍നിന്നും ഇറങ്ങിവന്ന, അവരുടെ കൈപിടിച്ച് നടന്നുതുടങ്ങിയ ആ കാലുകള്‍, തന്റെ ഉമ്മയെ ബാക്കിനിര്‍ത്തി നടത്തം അവസാനിപ്പിച്ചിരിക്കുന്നു. നടന്നുതീര്‍ത്ത വഴികളുടെ ഉപ്പുപറ്റി ഉറച്ചുപോയ ആ കാലുകള്‍ ഞാന്‍ പതുക്കെതൊട്ടു.
ചെറിയാക്ക ഞങ്ങളില്‍ നിന്നും തിരിഞ്ഞുനടന്നിരിക്കുന്നു!

(*വൈക്കം മുഹമ്മദ് ബഷീറിനോട് കടപ്പാട്)