നിഴൽപ്പെറുക്കി
മനുഷ്യനിഴലുകൾ
പെറുക്കലായിരുന്നു എന്റെ തൊഴിൽ
മണ്ണിലും ചുമരിലും അകത്തും പുറത്തും
നിങ്ങൾ പടം പൊഴിച്ച നിഴലുകൾ
പെറുക്കി ഞാനെന്റെ കുട്ടയിലിട്ടു.
മഹാസമ്മേളനങ്ങൾ മുതൽ
രഹസ്യക്കിടപ്പറകൾ വരെ
അങ്ങാടികൾ മുതൽ
അന്യദേശങ്ങൾ വരെ
ഞാൻ നിഴലുകൾ തൂക്കിയെടുത്തു.
പെറുക്കിക്കൂട്ടിയ നിഴലുകൾ
മറിച്ചുവിൽക്കാനാവാതെ ഞാൻ കുഴങ്ങി
കുട്ടയുടെ കനം ആയുസ്സിൽ തൂങ്ങി.
വെളിച്ചം കൊണ്ട് തരം മാറുന്ന നിഴലുകൾ
ഉള്ളിലെ വെളിച്ചം കെടുത്തി.
നീലത്തിമിംഗലങ്ങളുടെ ഭാരമാണ്
മനുഷ്യനിഴലുകൾക്ക്
വാങ്ങാനാളില്ലാതെ അവ
നിറഞ്ഞുകവിഞ്ഞു, ചീഞ്ഞുനാറി
ഇരുട്ടിന്റെ ഇളവുകളിൽ
ഞാനുമെന്റെ നിഴലിനെ പടം പൊഴിച്ചു.