മറുക്
നൂറ്റാണ്ടുകളുടെ മണമുള്ള പച്ചവെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞുപതിച്ചു. കുളിരിന്റെ ഒരു മിന്നൽപ്പിണർ നാഡികളിറങ്ങി, വെള്ളത്തിന് മുൻപേ നിലം തൊട്ടു. ചുമരിൽ ഒരു കൈ താങ്ങി ഷവറിന് താഴെ ഞാൻ തല കുമ്പിട്ടു നിന്നു.
“റിയാസേ”, ബാത്റൂമിന്റെ വാതിലിൽ മുട്ടി എന്റെ ബാപ്പ വിളിച്ചു. ഇത് രണ്ടാമത്തെ തവണയാണ് വിളിക്കുന്നത്.
“ആ…”, മുഴുമിപ്പിക്കാനാവാതെ ആ മറുപടി, ഇരുമ്പിന്റെ ചുവയുള്ള തണുത്ത വെള്ളത്തിന്റെ കൂടെ, തൊണ്ടയിൽ നിന്ന് താഴേക്കിറങ്ങി.
എനിക്കിതിന് പറ്റുമെന്ന് തോന്നുന്നില്ല. അത് ഈ വീട്ടിലുള്ള എല്ലാവർക്കും അറിയാം. ഇന്നിവിടെ വന്നിരിക്കുന്നവർക്കും അറിയാം. ഈ ലോകത്തെ മുഴുവൻ നിർഭാഗ്യവും ഈ കുളിമുറിയുടെ നാലുചുമരുകൾക്കുള്ളിൽ വന്ന് തിങ്ങി ഞെരുങ്ങുന്ന ശബ്ദം എനിക്ക് കേൾക്കാം.
“ങ്ങളാ റിയാസിനോടൊന്ന് എറങ്ങാൻ പറഞ്ഞാണീ”, ബാപ്പ പതുങ്ങിയ ശബ്ദത്തിൽ ആരോടോ പറയുന്നത് ഞാൻ കേട്ടു.
ആ വാചകം ഏതാണ്ട് ഒരു കൊല്ലം മുൻപത്തെ എന്റെ വിവാഹദിവസത്തിലാണ് ചെന്ന് നിന്നത്. വെളിച്ചവും സുഗന്ധവും നിറഞ്ഞ എന്റെ മുറിയിൽ അന്ന് നിറയെ എന്റെ ചങ്ങാതിമാരായിരുന്നു. പുതുമണവാളന്റെ കുപ്പായത്തിൽ ഞാൻ അറബിക്കഥയിലെ രാജകുമാരനായി സ്വയം സങ്കൽപിച്ചു. ചങ്ങാതിമാരുടെ ഉച്ചത്തിലുള്ള സംസാരങ്ങൾക്കും തമാശകൾക്കും ഞാൻ ചിരിച്ചു കൊണ്ടേയിരുന്നു. പക്ഷേ ഞാൻ സംസാരിക്കുന്നത് മുഴുവൻ ശബ്നയോടായിരുന്നു എന്ന് അവരറിഞ്ഞില്ല. അവളുടെ ചുണ്ടിന് താഴെയുള്ള കറുത്ത മറുകിൽ ഞാൻ എന്റെ ലോകത്തെ മുഴുവൻ കണ്ടുതുടങ്ങിയിരുന്നു. അത് പറയുമ്പോൾ അവളുടെ മുഖം തുടുക്കും. നമുക്ക് ആദ്യം പിറക്കുന്നത് ഒരു പെൺകുഞ്ഞായിരിക്കുമെന്നും അവൾക്കും നിന്നെപ്പോലെ ചുണ്ടിന് താഴെ കറുത്ത മറുകുണ്ടാവുമെന്നും ഞാൻ പറയും.
അത് കേൾക്കുമ്പോൾ അവൾ പരിഭവം നടിക്കും, “അപ്പോ പിന്നെ ങ്ങളുടെ ലോകം ആ മറുകായിരിക്കും. ഞാൻ പുറത്താവും.” അവളുടെ ശബ്ദത്തിൽ ഊറിക്കിടക്കുന്ന സ്നേഹത്തിന്റെ ആഴമളക്കാനാവാതെ ഞാൻ കുഴങ്ങിപ്പോവും. ഈ ലോകത്തെ മുഴുവൻ ഭാഗ്യങ്ങളും എന്നെയും ശബ്നയേയും വരാനിരിക്കുന്ന ഞങ്ങളുടെ കുഞ്ഞിനേയും പുതയുന്നതായി എനിക്ക് തോന്നും.
“റിയാസ്ക്കാ”, അമ്മാവന്റെ മകന്റെ ശബ്ദം. ഷവർ ഓഫാക്കി ഞാൻ മേലും തലയും തോർത്തി. മുണ്ടും ഷർട്ടുമിട്ട്, കുളിമുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. ബന്ധുക്കളും അയൽവാസികളും വീട്ടിനകത്തും പുറത്തും അവിടവിടെയായി കൂട്ടം കൂടി നിൽക്കുന്നു. ഞാൻ അവരെ നോക്കാൻ പ്രയാസപ്പെട്ടു. അവരെന്നെയും. കണ്ണുകൾ പരസ്പരം ഉടക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിച്ചു കൊണ്ടിരുന്നു.
ബാപ്പ എന്റെ തോളത്ത് കൈവച്ച്, എന്നെയും കൂട്ടി ഹാളിലേക്ക് നടന്നു.
ഹാളിന്റെ നടുവിൽ വിഷാദത്താൽ വിളറി വെളുത്ത ഒരു ചെറിയ കട്ടിൽ കിടന്നിരുന്നു. ചുറ്റും ആളുകൾ ശ്വാസമടക്കിപ്പിടിച്ച് അതിലേക്ക് തന്നെ നോക്കി നിന്നു.
എന്നെക്കണ്ടപ്പോൾ കട്ടിലിനരികെ ഇരുന്നിരുന്ന എന്റെ ഉമ്മയുടെ തൊണ്ടയിൽ നിന്നും പ്രാണനിൽ കൊളുത്തുന്ന ഒരു ശബ്ദം പുറത്തേക്ക് വന്നു. ബാപ്പയുടെ നെഞ്ചിൽ നിന്നും ഇനിയുള്ള കാലത്തേക്കുള്ള സങ്കടങ്ങൾ മുഴുവൻ ഉറവ പൊട്ടുന്നത് ഞാനറിഞ്ഞു.
തൊട്ടടുത്തിരിക്കുന്ന ശബ്നയെ ഞാൻ നോക്കി. ഒരു പ്രസവത്തിന്റെ അവശതകൾ മുഴുവൻ അള്ളിപ്പിടിച്ചിരിക്കുന്ന ആ കണ്ണുകൾ കട്ടിലിലെ ആ ചെറിയ തുണിക്കെട്ടിലേക്ക് തന്നെ നോക്കി നിന്നു. സ്വന്തം ജീവൻ, മരിച്ചു കിടക്കുന്ന ഞങ്ങളുടെ മകളിലേക്ക് പകരാൻ കഴിയാത്ത ഒരു ഭാഗ്യദോഷിയാണ് താനെന്ന് അവൾ സ്വയം കരുതുന്നതായി എനിക്ക് തോന്നി.
ഞാനവളുടെ നെറ്റിയിൽ ചുംബിച്ചു. അവളിൽ നിന്ന് ഒരു ശബ്ദവും പുറത്തേക്ക് വന്നില്ല. എന്നോട് പറയാനുള്ളത് മുഴുവൻ അവളുടെ കണ്ണുകളിൽ നിന്ന്, ചുണ്ടിന് താഴെയുള്ള മറുകിലൂടെ ഒഴുകാൻ തുടങ്ങി. എന്റെ ലോകം നനഞ്ഞു.
കട്ടിലിൽ നിന്നും ഞാനെന്റെ മോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. ചുറ്റും കൂടിയ ആളുകളിൽ നിന്ന് നെടുവീർപ്പുയർന്നു. അകത്തളങ്ങളിൽ നിന്ന് കരച്ചിലുകൾ വന്ന് എന്നെ തൊട്ടു.
“അല്ലാഹ്!”, എന്റെ അടിവയറ്റിൽ നിന്ന് ആകാശങ്ങളിലേക്ക് ഒരു നിലവിളിയുയർന്നു. ഞങ്ങളുടെ മകളുടെ ചുണ്ടിന്റെ അടിയിലെ അതിമനോഹരമായ ആ കറുത്ത മറുകിനെ ഞാനെന്റെ ചുണ്ടിനോട് ചേർത്തുവച്ചു.
അവളെ മാറോടടക്കി പിടിച്ച് ഞാൻ പള്ളിയിലേക്ക് നടന്നു. എന്റെ കണ്ണിൽ നിന്നും കരളിൽ നിന്നും മഴ പെയ്തു തുടങ്ങി.